മലപ്പുറം: തെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും 85 നു മുകളിൽ പ്രായമുള്ളവർക്കുമുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു. മലപ്പുറം ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലായി 181 പേരടങ്ങുന്ന ടീമിനെയാണ് ഹോം വോട്ടിംഗിനായി നിയോഗിച്ചിട്ടുള്ളത്. ഇവർ അർഹരായവരുടെ വീടുകളിൽ നേരിട്ടെത്തി ബാലറ്റ് പേപ്പറുകൾ നൽകി വോട്ടുകൾ സുരക്ഷിതമായി ശേഖരിക്കും. ജില്ലയിൽ അപേക്ഷ നൽകിയ 43,964 പേരിൽ 17,721 പേർക്കാണ് ഹോം വോട്ടിംഗിന് അനുമതി ലഭിച്ചിട്ടുള്ളത്.
മുൻകൂട്ടി അപേക്ഷിച്ച 85 വയസിന് മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കുമാണ് ഹോം വോട്ടിംഗിന് അവസരം.
ഇവർക്ക് ബൂത്ത് ലെവൽ ഓഫീസർമാർ മുഖേന 12 ഡി ഫോറം വിതരണം ചെയ്തിരുന്നു.
ഒരു പോളിംഗ് ഓഫീസർ, ഒരു പോളിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സർവർ, ഒരു പോലീസ് ഉദ്യോഗസ്ഥൻ, ഒരു വീഡിയോഗ്രാഫർ എന്നിവരടങ്ങുന്ന പോളിംഗ് ടീമാണ് വീടുതോറും സന്ദർശിച്ച് വോട്ടുചെയ്യാൻ സൗകര്യമൊരുക്കുന്നത്.
വോട്ടിംഗ് പ്രക്രിയയുടെ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി സ്ഥാനാർഥികളുടെ ബൂത്ത് ലെവൽ ഏജന്റുമാർക്കും സംഘത്തോടൊപ്പംനിന്നു നടപടിക്രമങ്ങൾ വീക്ഷിക്കാം.ഹോം വോട്ടിംഗ് സംബന്ധിച്ച വിവരം വോട്ടർപട്ടികയിൽ രേഖപ്പെടുത്തുന്നതിനാൽ തെരഞ്ഞെടുപ്പിൽ ഇവർക്ക് പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്താൻ സാധിക്കില്ല.